Friday, 12 July 2013

സരിത ഒരു ആണായിരുന്നെങ്കില്‍...? മന്ത്രി ചേട്ടാ സരിത വിളിക്കുന്നു


കേരളത്തിലെ ഒരു മന്ത്രി കഴിഞ്ഞ ദിവസം ഉമ്മറത്തെ ചാരുകസേരയിലില്‍ കിടന്ന് ആത്മാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥന നടത്തി. ആ സരിത ഒരു ആണായിരുന്നെങ്കില്‍... സരിത പെണ്ണായി ജനിച്ചതുകൊണ്ട് എന്തൊക്കെ പുകിലാണ് കേരളത്തിലുണ്ടായത്. ആ ബിജു ആദ്യം പെട്ടു. പിന്നെ താനും മറ്റുള്ളവരും. സ്വന്തം ഭാര്യയെ പരലോകത്തേക്ക് പറഞ്ഞയക്കാന്‍ ബിജുവിന് തോന്നിയതിനു കാരണം മറ്റെന്തെങ്കിലുമാണോ... അതോടെ ബിജുവിന്റെ കഷ്ടകാലവും തുടങ്ങി.

ഭാര്യയെകൊന്ന് കാമുകിക്കൊപ്പം കോയമ്പത്തൂരിലേക്ക് മുങ്ങി. വേലയും കൂലിയുമില്ലാതെ കോയമ്പത്തൂരിലെ തെരുവുകളില്‍ തെണ്ടേണ്ട അവസ്ഥ. അപ്പോഴാണ് കാറ്റാടിയെന്ത്രം സ്ഥാപിച്ച് തട്ടിപ്പുനടത്താന്‍ ദൈവവിളിയുണ്ടായത്. ഇതിനു പിന്നിലെ വെളുത്ത കരങ്ങള്‍ സരിതയുടേതല്ലെ എന്നു ചോദിച്ചാല്‍ ബിജു അതെയെന്നുതന്നെ ഉത്തരം പറയും. പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന് ഇപ്പോഴെങ്കിലും ബിജുവിന് മനസിലായിക്കാണും.

പിന്നീട് കോയമ്പത്തൂര്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങാന്‍ തോന്നിപ്പിച്ചതും അവളുടെ ബുദ്ധിതന്നെ. അങ്ങനെ ബിജുവിനെ കുഴിയില്‍ നിന്നും പടുകുഴിയിലേക്ക് തള്ളിയിട്ടത് അവളല്ലെ.. എന്നിട്ടും അവള്‍ ബിജുവിനെ വെറുതെവിടാന്‍ തയ്യാറായിരുന്നില്ല. കേരളത്തിലെത്തിയ അവര്‍ വീണ്ടും തട്ടിപ്പ് തുടര്‍ന്നു. പല മന്ത്രിമാരേയും, എം.എല്‍.എമാരേയും, പൊതുപ്രവര്‍ത്തകരേയും, മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളേയും കണ്ടു. കൂട്ടത്തില്‍ എന്നേയും.. ആ പാവം ബിജു തനിയെ വരികയായിരുന്നെങ്കില്‍ ഞാന്‍ തിരിഞ്ഞുനോക്കുകപോലുമില്ലായിരുന്നു.

എന്നിട്ടും കടിച്ചുപിടിച്ചുനിന്ന എന്നെ അവള്‍.... രാത്രിയിലുള്ള അവളുടെ ആ മിസ്‌കോള്‍ വന്നാല്‍ പിന്നെ മന്ത്രിമന്ദിരത്തില്‍ കിടന്നാലും ഉറക്കം കിട്ടില്ല. അതുകൊണ്ടു പലതവണ തിരികെവിളിച്ചു. അവളുടെ ക്ഷേമം അന്വേഷിച്ചു. എല്ലാത്തിനും കാരണം അവളാണ്; മന്ത്രി തൊണ്ടയിലുറ്റിയ വെള്ളം നുണഞ്ഞിറക്കി ഗദ്ഗദം ചെയ്തു.

അറുത്ത കൈക്ക് ഉപ്പുതേക്കില്ലാതിരുന്ന ആ ശ്രീധരന്‍നായര്‍ ഈ പ്രായത്തില്‍ ചക്കച്ചൊളപോലെ 40 ലക്ഷം എണ്ണിക്കൊടുക്കാന്‍ കാരണമെന്താ...? ആ ബിജു മാത്രം ചെന്ന് ചോദിച്ചാല്‍ അയാള്‍ മുറ്റത്തേക്ക് ആട്ടിയിറക്കില്ലായിരുന്നോ. അയാളും അവളുടെ കെണിയില്‍പെട്ടു. പിന്നെ എന്റെകൂടെയുള്ള മന്ത്രിമാരുടെ കാര്യം പറയണോ. അവരെല്ലാവരും മനസുകൊണ്ടു ചെറുപ്പമല്ലെ. 18 കഴിഞ്ഞ ആരും മന്ത്രിസഭയിലില്ല. കസേരയില്‍ ഒന്നു നിവര്‍ന്നിരുന്നു മന്ത്രി ആത്മഗതം ചെയ്തു.

നല്ലൊരു മഴക്കാലം, നേരത്തെ പണിയൊക്കെ ഒതുക്കി കമ്പിളിക്കുള്ളില്‍ ചുരുണ്ടുകൂടി കിടക്കാമെന്നുവച്ചാല്‍ അപ്പോ വരും അവള്. ആ പൂതന. കണ്ണടച്ചാ മുന്നില്‍ അവളാ.. എങ്ങനെ ഉറങ്ങും. കുറേ നാളായി അവള്‍ ഉറക്കം കെടുത്തുന്നു. പണ്ടൊക്കെ അവള്‍ ഓര്‍മ്മയില്‍ തെളിയുമ്പോള്‍ ചെറിയൊരു സുഖമൊക്കെയുണ്ടായിരുന്നു. ഇപ്പോ ഒരു പേടിയാ. വെറും പേടിയല്ല. ഭയം, കൂടെ വിറയലും. ഇനിയിപ്പോ നാളെ എഴുന്നേല്‍ക്കുമ്പോ കസേരയുണ്ടാകുമോയെന്ന് ആര്കണ്ടു..

ഒന്നു പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്. എപ്പോഴാണ് ചില തെണ്ടികള്‍ കരിങ്കൊടിയുമായി മുന്നില്‍ ചാടുകയെന്ന് പറയാനാവില്ല. അല്ലെങ്കില്‍ കല്ലേറ്. പുറത്തിറങ്ങി നാലാളോട് പ്രസംഗിക്കാമെന്നുവെച്ചാല്‍ ഏതവനെങ്കിലും കേറി ചെള്ളക്ക് കാച്ചുമോയെന്നൊരു പേടി. ഇനി നിയമസഭയില്‍ ചെന്നാലോ. കൊട്ടാരക്കരയില്‍പോലും കേള്‍ക്കാത്ത സൈസ് തെറിയാണ് അവിടെ. പത്രക്കാരുടെ മുന്നില്‍ചെന്ന് പെട്ടാല്‍ കഥ തീര്‍ത്തു. ഇനി സ്വന്തം സാമ്രാജ്യത്തില്‍തന്നെ ഒരുങ്ങിക്കൂടാമെന്നുവച്ചാല്‍ പൂഞ്ഞാറ്റിലെ ചില അവന്‍മാര് അതിനും സമ്മതിക്കൂല. പുകച്ച് പുറത്തുചാടിക്കും.

അയാളെക്കൊണ്ടാണ് ഒരുതരവുമില്ലാത്തത്. ചുമ്മാ ഇരിക്കുന്ന ആസനത്തില്‍ ചുണ്ണാമ്പിട്ട് പൊള്ളിക്കുന്ന പരിപാടിയാണ് അയാളുടെ. സ്വന്തം കുടുംബത്തില്‍പോയി ഒരിറ്റ് കഞ്ഞികുടിക്കാമെന്നുവച്ചാല്‍ ഭാര്യയുടെ മുഖം കാണണം. അവിടേയും സരിതതന്നെയാണ് പ്രശ്‌നം. അതില്‍പിന്നെ ഭാര്യ നേരെചൊവ്വെ മിണ്ടിയിട്ടുപോലുമില്ല. സങ്കടം മുഴുവന്‍ സഹപ്രവര്‍ത്തകരോട് പറയാമെന്നുവച്ചാല്‍ അവന്‍മാരെല്ലാം എന്നേപ്പോലെതന്നെ പ്രശ്‌നത്തില്‍പെട്ടിരിക്കുകയാണ്. ചിലരെ കണ്ടുകിട്ടാനുമില്ല.

ഏതായാലും പ്രതിപക്ഷത്തെ പിടലി ഉളുക്കിയ ചിലരൊക്കെ നീണ്ടുനിവര്‍ന്ന് നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ അവന്‍മാര്‍ക്കും ആരടാ എന്നൊരു ഭാവം. കുറ്റം പറയരുതല്ലോ, ചില ഞാഞ്ഞൂലുകള്‍വരെ തന്തക്കുവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാത്തിനും കാരണം അവളൊറ്റയൊരുത്തിയാ... ഇനിയിപ്പോ ആ ബിജു തട്ടിയ രശ്മിയുടെ ആത്മാവെങ്ങാനും ഇവളുടെ ദേഹത്ത് കൂടിയിട്ടുണ്ടോ എന്നൊരു സംശയം. മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും....... സങ്കടങ്ങളൊക്കെ ഉള്ളിലൊതുക്കിയ ആ മന്ത്രി അപ്പോഴേക്കും നിദ്രയിലേക്കു വഴുതിവീണു.



Tags:Sattire, Solar scam rocks, Sarita S. Nair, Tiruvanjoor Radakrishnan, Oomman Chandy, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...