സോളാര്‍ തട്ടിപ്പുകേസിലെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും താനും വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതായി ശാലു മേനോന്റെ മൊഴി. രണ്ടു കേസുകളില്‍ ബിജു തട്ടിപ്പ് നടത്തിയ പണത്തിന്റെ പങ്ക് താനും പറ്റിയതായും പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ ശാലു മൊഴി നല്‍കി.
ബിജു രാധാകൃഷ്ണനും താനും സുഹൃത്തുക്കളായിരുന്നുവെന്നായിരുന്നു ഇതുവരെ ശാലു പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. ബിജു തന്നെ വഞ്ചിച്ചുവെന്നുപോലും ഒരുവേള ശാലു പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനുമുന്നില്‍ ശാലു എല്ലാം തുറന്നു പറഞ്ഞു. ബിജുവുമായി തന്റെ വിവാഹം തീരുമാനിച്ചിരുന്നു. ബിജുവിന്റെ പേരില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന സോളാര്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്‍റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി തന്നെ നിയമിക്കാമെന്ന് അറിയിച്ചിരുന്നു. ഈ കമ്പനിയുടെ പേരില്‍ വ്യാജലെറ്റര്‍ തയ്യാറാക്കാനും ഇടപാടുകാരെ എത്തിക്കാനും താന്‍ സഹായം നല്‍കി. സിനിമ, സീരിയല്‍ രംഗങ്ങളിലെ തന്റെ പേരും പ്രശസ്തിയും ബിജു ഉപയോഗിച്ചു.
ടീം സോളാറിന്റെ പേരില്‍ ലെറ്റര്‍ ഹെഡുകളും മറ്റും സജ്ജമാക്കാനും ഇടപാടുകാരെ സംഘടിപ്പിക്കാനും താനും സഹായിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയുടെ വീട്ടിലെത്തി അഞ്ചു ലക്ഷം രൂപ തന്റെ സാന്നിധ്യത്തില്‍ വാങ്ങി. റാസിഖ് അലിയുടെ വീട്ടിലെ സോളാര്‍ പാനല്‍ നന്നാക്കാനും തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍ കാറ്റാടിമില്‍ സ്ഥാപിക്കാനും 75 ലക്ഷം രൂപയുടെ പ്രോജക്ടാണ് തയ്യാറാക്കിയത്. ഏപ്രില്‍ 22 ന് എറണാകുളത്തെ തുണിക്കടയില്‍ വെച്ച് ഇരുപത് ലക്ഷം രൂപയും മറ്റൊരു കടയില്‍ വെച്ച് 21 ലക്ഷം രൂപയും തന്റെ സാന്നിധ്യത്തിലാണ് റാസിഖ് അലിയില്‍ നിന്ന് കൈപ്പറ്റിയത്. തിരുവനന്തപുരം സ്വദേശിയായ ഡോ.തോമസ് മാത്യുവില്‍ നിന്ന് പണംവാങ്ങുന്നതും തന്റെ സാന്നിധ്യത്തിലായിരുന്നു.
ഉടനെ വിവാഹം കഴിക്കുമെന്നതിനാല്‍ ബിജുവില്‍ നിന്ന് വജ്രാഭരണങ്ങള്‍, കാര്‍ തുടങ്ങിയവ സമ്മാനമായി വാങ്ങിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ വീടുപണിയുടെ അവസാനഘട്ടത്തില്‍ പത്ത് ലക്ഷം രൂപയും വാങ്ങി. ഇതിനായി ബിജുവിന് എസ്.എം.എസ്. അയച്ചു. അത് ബിജു റാസിഖ് അലിയെ കാണിക്കുകയും അയാള്‍ ബിജു മുഖാന്തരം പത്തുലക്ഷം രൂപ നല്‍കുകയും ചെയ്തു. റാസിഖ് അലിയില്‍ നിന്ന് വാങ്ങിയതില്‍ 30 ലക്ഷം രൂപ തനിക്ക് കിട്ടി. പുതിയ നൃത്തവിദ്യാലയങ്ങള്‍ തുടങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും ബിജുവിന്റെ പണം ഉപകരിച്ചതായും ശാലു പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി.

No comments:
Post a Comment