Sunday, 7 July 2013

സരിതയ്ക്ക് വിളിക്കാത്തവരുടെ പേരുകള്‍


പരപ്പനങ്ങാടി സ്വദേശി തെക്കേവീട്ടില്‍ ദാമോദര(47)ന് സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിതാ നായരുമായി ബന്ധമില്ലെന്ന് പോലീസ് വെളിപ്പെടുത്തല്‍. കാരണം തെങ്ങുചെത്തുതൊഴിലാളിയായ ഇദ്ദേഹം ഒട്ടുമിക്ക സമയങ്ങളിലും തെങ്ങിനു മുകളിലാണ്. താഴെയിറങ്ങുമ്പോള്‍ മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ഒരുവര്‍ഷമായി ആകെവിളിച്ചത് 60 കോളുകള്‍ മാത്രമാണ്.

ബി.എസ്.എന്‍.എല്ലിന്റെ കോള്‍ ഡാറ്റ റെക്കോര്‍ഡ് അഥവാ സി.ഡി.ആര്‍. എന്ന ഫോണ്‍ കോള്‍ രേഖ പോലീസ് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തായത്. കാലടി സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരനുമായ നാരായണനും സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞു. കാരണം അദ്ദേഹം മുഖ്യമന്ത്രിക്കു പഠിക്കുകയാണ്. ഫോണ്‍ ഉപയോഗിക്കാറില്ല. പഴയതലമുറയില്‍പെട്ട അദ്ദേഹത്തിന് ഇന്നും തപാല്‍ മാര്‍ഗ്ഗമാണ് ആശ്രയം. മലപ്പുറത്തെ ചായപ്പീടികക്കാരന്‍ ബീരാന്‍ സരിതയെന്നു കേട്ടിട്ടുപോലുമില്ല. ഓന് ആകെ അറിവുള്ളത് മഞ്ചേരി സ്വദേശിനി ബീഫാത്തൂനേം, പിന്നെ മൈമുനേനേം. കൊട്ടാരക്കര സ്വദേശി റബ്ബറുവെട്ടുകാരനായ മത്തായിക്കുഞ്ഞിന് സരിതയെ നന്നായി അറിയാം. ഫോണില്‍ ബന്ധപ്പെടണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ സരിതയുടെ ഫോണ്‍നമ്പര്‍ കിട്ടാത്തതില്‍ ഇന്നും അദ്ദേഹത്തിന് അതിയായ ദുഖമുണ്ട്. സരിത സോളാറ് വില്‍ക്കുന്നതിന് തന്നെയൊട്ടു സമീപിച്ചിട്ടുമില്ലെന്ന് മത്തായിക്കുഞ്ഞ് ഹൃദയവ്യഥയോടെ അറിയിച്ചു.

പോലീസ് ഇവരുടെയൊക്കെ ഫോണ്‍കോളുകള്‍ പരിശോധിച്ചതിനു കാരണമുണ്ട്. ആദ്യമൊക്കെ സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടവരെക്കുറിച്ചാണ് അന്വേഷിച്ചത്. അന്വേഷണംതുടങ്ങിയപ്പോള്‍ രണ്ടോ മൂന്നോ പേരെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മണിചെയിന്‍ തട്ടിപ്പുപോലെ പിറകെ, പിറകെ ആളുകളുടെ എണ്ണം കൂടാന്‍ തുടങ്ങി. ഇപ്പോ പോലീസിന് ഒരു കാര്യം മനസിലായി, വിളിച്ചവരെക്കാള്‍ നല്ലത് വിളിക്കാത്തവരെക്കുറിച്ച് അന്വേഷിക്കുന്നതാണ്.

...ന്നാലും ഈ നാട്ടില് ബേറെ പെണ്ണുങ്ങളില്ലാഞ്ഞിട്ടാണോ റബ്ബേ... ഓല് മുയ്‌മോനും.... 82 വയസുള്ള പാത്തുമ്മ മൂക്കത്ത് വിരല്‍വച്ചു. പാത്തുമ്മ ഇപ്പോളുംപത്രം വായിക്കാറുണ്ട്. അതില്‍ സരിതയുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ്കണ്ട് ഈ പ്രായത്തിലും അവരുടെ കണ്ണുതള്ളിപ്പോയി. രണ്ടാഴ്ച്ചകൂടി കഴിഞ്ഞാല്‍ കേരളത്തിലെ പത്രങ്ങള്‍ക്ക് കൂടുതല്‍ പേജ് പ്രിന്റ് ചെയ്യേണ്ടിവരും. അത്രക്കുണ്ട് സരിതയുമായി ബന്ധപ്പെട്ടവരുടെ എണ്ണം.

കേന്ദ്രമന്ത്രിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, കെ.സി. ജോസഫ്, കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, പി.സി. വിഷ്ണുനാഥ്, മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള, യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ്, മുന്‍ മന്ത്രിമാരായ മോന്‍സ് ജോസഫ് എം.എല്‍.എ, കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ, മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് എന്നിവര്‍ക്കെല്ലാം സരിതയുടെ വിളി വന്നിരുന്നു. അല്ലെങ്കില്‍ അവര്‍ സരിതയുമായി ബന്ധപ്പെട്ടിരുന്നു. ഇത് പ്രമുഖരുടെ മാത്രം പട്ടികയാണ്. അല്ലാത്തവരുടെ റാങ്ക്‌ലിസ്റ്റ് പിന്നീട് പ്രസിദ്ധപ്പെടുത്തും. ഏതായാലും ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം റാങ്ക് രണ്ട് പേര്‍ ചേര്‍ന്ന് പങ്കിട്ടെടുത്തു. തിരുവഞ്ചൂരും, ഗണേഷ്‌കുമാറും.

രണ്ടാം റാങ്കിനു വേണ്ടി കടുത്ത മല്‍സരം നടന്നെങ്കിലും സരിതയുടെ രഹസ്യ ഭാഗങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ട് ഒരു ഘണ്ഡകാവ്യംതന്നെ കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ എസ്.എം.എസിലൂടെ രചിക്കുകയുണ്ടായി. ആദ്യ റൗണ്ടില്‍ നിന്നും ഇദ്ദേഹം പുറത്തായെങ്കിലും എസ്.എം.എസിലൂടെ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കോടിയേരി സഖാവ് ദേ പോയി... ദാ വന്നു... എന്നു പറയുന്നതുപോലെയല്ലേ കേസിലേക്ക് രണ്ടാമതും വന്നത്.

കണ്ണൂര്‍ പരിയാരത്തെ കാര്‍ത്യായനി ചേച്ചി പശുവിനെ കെട്ടാന്‍ പോയപ്പോള്‍ അടുത്ത വീട്ടിലെ ആയിഷ ഇങ്ങനെ പറഞ്ഞു. ഏതായാലും ഓളെ സമ്മതിച്ചുകൊടുക്കണം. ഓള് ബെഡക്കായ്‌ക്കോട്ടെ.... പക്ഷേ മ്മള് വോട്ട് ചെയ്ത് ജയിപ്പിച്ച ഈ മാന്യന്‍മാരുടെ കൈയ്യിലിരിപ്പ് എന്താന്ന് ഞമ്മക്ക് മനസിലാക്കാന്‍ കയിഞ്ഞല്ലോ... അതുമതി..

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...