Wednesday, 3 July 2013

CBI ഡയറക്ടറെ ഇനി രാഷ്ട്രപതി നിയമിക്കും


സി.ബി.ഐ. ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട കൊളീജിയം നടപ്പിലാക്കാന്‍ ധാരണയായി. രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ ഡയറക്ടറെ മാറ്റാന്‍ കഴിയൂ എന്ന നിര്‍ദേശമടങ്ങിയ സത്യവാങ്ങ്മൂലവും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

സി.ബി.ഐ.യ്ക്ക് സ്വയംഭരണാവകാശം നല്‍കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറുടെ പേര് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരം ലഭിക്കും. എന്തെങ്കിലും പരാതി ഉയരുകയാണെങ്കില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അംഗീകാരത്തോടെ ഡയറക്ടറെ നീക്കം ചെയ്യാവുന്നതാണ്. സി.ബി.ഐ.യ്ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുമെന്നും സുപ്രീംകോടതി ജഡ്ജിമാരുടെ ഒരു സമിതിക്കായിരിക്കും പ്രവര്‍ത്തനത്തിന്റെ മേല്‍നേട്ടമെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച നാല്‍പ്പത്തിയൊന്ന് പേജുള്ള സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

സി.ബി.ഐയുടെ പ്രവര്‍ത്തനത്തില്‍ പുറമേ നിന്നുള്ളവര്‍ ഇടപെടുന്നതു തടയാന്‍ നിയമഭേദഗതി കൊണ്ടുവരുന്നതിനെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതിയെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങാണു നിയോഗിച്ചത്. കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ സി.ബി.ഐ. അന്വേഷണത്തില്‍ കേന്ദ്ര നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസ്, കല്‍ക്കരി മന്ത്രാലയം, അറ്റോര്‍ണി ജനറല്‍ തുടങ്ങിയവരും ഉള്‍പെട്ടതിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

ഈ കേസ് വാദം കേള്‍ക്കുന്ന ജൂലൈ പത്തിനു മുന്‍പ് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ ഉപസമിതിക്കു രൂപംനല്‍കിയത്. സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കല്‍ക്കരിപ്പാടം ഇടപാടു കേസിലെ കുറ്റപത്രം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് കേന്ദ്ര നിയമമന്ത്രി അശ്വിനികുമാറിനെ കാണിച്ചതിന് സി.ബി.ഐയെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. സി.ബി.ഐ.യെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കിയെന്നായിരുന്നു കോടതിയുടെ വിമര്‍ശം. സത്യവാങ്ങ്മൂലത്തിനുമേല്‍ ജൂലായ് പത്തിന് സുപ്രീംകോടതി വിസ്താരം നടത്തും.


വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, നിയമകാര്യ, വിവര സാങ്കേതിക മന്ത്രി കപില്‍ സിബല്‍, വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി, സി.ബി.ഐയുടെ ചുമതലയുള്ള കേന്ദ്ര പഴ്‌സനല്‍ മന്ത്രി വി. നാരായണസ്വാമി എന്നിവരാണു സമിതി അംഗങ്ങള്‍.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...