Tuesday, 2 July 2013

മുരളീധരന്‍ രമേശിന്റെ പിന്‍ഗാമി


സംസ്ഥാന മന്ത്രിസഭാംഗമാകുന്നതിനോ കോണ്‍ഗ്രസിന്റെ ദേശീയ ഭാരവാഹിയാകുന്നതിനോ രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാല്‍ പകരക്കാരനാക്കാമെന്ന് കെ. മുരളീധരന് വാഗ്ദാനം ലഭിച്ചതായി യു.ഡി.എഫില്‍ ശക്തമായ അഭ്യൂഹം. രമേശ് ചെന്നിത്തലയുമായുള്ള വൈരം മറന്ന് ഐ ഗ്രൂപ്പില്‍ ചേര്‍ന്ന കെ. മുരളീധരന്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ആ ഗ്രൂപ്പിലെ രണ്ടാമനായി മാറിക്കഴിഞ്ഞു. അതിനു പിന്നാലെയാണ്, രമേശിന്റെ പിന്‍ഗാമിയായി അദ്ദേഹം കെപിസിസി പ്രസിഡന്റാകുമെന്ന പ്രചാരണം.

മുസ്്‌ലിം ലീഗിനെതിരെ രമേശിന്റെ വാക്കുകള്‍ പിന്തുടര്‍ന്നു നടത്തിയ രൂക്ഷമായ കടന്നാക്രമണത്തിന്റെയും അതില്‍ നിന്നു രമേശ് പിന്നോട്ടു പോയിട്ടും മുരളീധരന്‍ ഉറച്ചു നില്‍ക്കുന്നതും ഈ വാഗ്ദാനത്തിന്റെ ഭാഗമാണത്രെ. എന്നാല്‍ രമേശിനെയും മുരളിയെയും തമ്മില്‍ അകറ്റാനും മുരളിയുടെ ഐ ഗ്രൂപ്പിലെ സ്വാധീനം തുടക്കത്തിലേ തകര്‍ക്കാനും ഉദ്ദേശിച്ച് എ ഗ്രൂപ്പുകാര്‍ ഇളക്കിവിടുന്ന പ്രചാരണമാണ് ഇതെന്നാണ് ഐ പക്ഷത്തിന്റെ വിശദീകരണം. രമേശ് മാറുമെന്നും പുതിയ പദവി അദ്ദേഹത്തിനു ലഭിക്കുമെന്നും വരുന്നതോടെ ഐ ഗ്രൂപ്പില്‍ വലിയ തര്‍ക്കവും അധികാര വടംവലിയും ഉണ്ടാകുമെന്നും മുരളിയേക്കുറിച്ച് അഭ്യൂഹം സൃഷ്ടിക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണു വിവരം.

കോഴിക്കോട്ട് സി.കെ. ഗോവിന്ദന്‍ അനുസ്മരണത്തില്‍ പങ്കെടുത്തു രമേശ് ചെന്നിത്തല നടത്തിയതിലും കടുത്ത പരാമര്‍ശങ്ങളാണ് മുരളീധരന്‍ നടത്തിയത്. താന്‍ സി.കെ.ജിയെ ഉദ്ധരിക്കുക മാത്രമാണു ചെയ്തതെന്നു രമേശ് വിശദീകരിക്കുകയും പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ഈ വിശദീകരണം രമേശ്  അറിയിച്ച ശേഷവും മുരളി പിന്നോട്ടു പോയിട്ടില്ല.

അതിനു പിന്നിലുള്ളത് രമേശ് അറിഞ്ഞുകൊണ്ടുള്ള ഒത്തുകളിയാണെന്നും മുരളിക്കു കെ.പി.സി.സി. പ്രസിഡന്റാകാന്‍ ലീഗിനെയും മുന്നണിയെയും ബലിയാടാക്കുകയാണെന്നുമാണ് പ്രചാരണം.

2001ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ കെ. കരുണാകരനുമായുണ്ടാക്കിയ ധാരണ പ്രകാരം മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റാക്കിയിരുന്നു. തുടക്കത്തില്‍ മുഖ്യമന്ത്രിയുമായി സഹകരിച്ചു നീങ്ങിയ മുരളീധരന്‍ പിന്നീട് പരസ്യമായി ഗ്രൂപ്പുകളിച്ചു. അതിന്റെ തുടര്‍ചയായാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറേണ്ടിവന്നത്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...