Friday, 19 July 2013

നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുമെന്ന് മണിയോട് ഉമ്മന്‍ ചാണ്ടിയുടെ ഭീഷണി


ഇടതുമുന്നണിയുമായി ചേര്‍ന്നു സര്‍ക്കാരുണ്ടാക്കാനുള്ള സന്നദ്ധത ധനമന്ത്രി കെ.എം. മാണി സി.പി.എം. നേതൃത്വത്തെ അറിയിച്ചത് മാസങ്ങള്‍ക്കു മുമ്പ്. ആ നിലപാടില്‍ മാറ്റമില്ലെന്നും തന്നെ മുഖ്യമന്ത്രിയാക്കണം എന്നും കഴിഞ്ഞ ദിവസവും അദ്ദേഹം അവരോടു വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ താനുദ്ദേശിക്കുന്ന തരത്തിലല്ല നീങ്ങുന്നതെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് മാണി കളംമാറ്റിയത്.

മാണിയുടെ നിലപാടു മാറ്റത്തിനു മുഖ്യ കാരണമായതാകട്ടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ അപ്രതീക്ഷിത നീക്കമാണു താനും. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തുകൊണ്ടു താന്‍ രാജിവയ്ക്കും എന്ന് മുഖ്യമന്ത്രി മാണിയെ അറിയിച്ചതായാണു വിവരം. ബദല്‍ സര്‍ക്കാരുണ്ടാക്കല്‍ നീക്കം അതോടെ പൊളിയുമെന്നു വ്യക്തമായി.

മാണി നിലപാട് മാറ്റിയെന്നും ഉമ്മന്‍ ചാണ്ടിയുടെ ഭീഷണിയില്‍ മാണി വീണുവെന്നും കേരള കോണ്‍ഗ്രസ് (എം) കേന്ദ്രങ്ങളില്‍ നിന്നുതന്നെ അറിഞ്ഞതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സി.പി.എം. 'താല്ക്കാലികമായി'പിന്‍മാറുകയും ചെയ്തു. എന്നാല്‍ , ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വീഴ്ത്തിയിട്ട് മാണിയെ മുഖ്യമന്ത്രിയാക്കുകയും പരമാവധി ആറു മാസം കഴിഞ്ഞ് മാണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് തെരഞ്ഞെടുപ്പിനു കളമൊരുക്കുകയുമാണ് സി.പി.എം. ലക്ഷ്യമെന്നു മാണി തിരിച്ചറിഞ്ഞതായാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകാനിടയുള്ള ജനവിധി എതിരാകാതിരിക്കാനാണ് അട്ടിമറി നീക്കത്തില്‍ നിന്ന് ഇടതുമുന്നണി പിന്മാറിയതെന്ന് അവരും പറയുന്നു. സര്‍ക്കാരിനെ വീഴ്ത്താനും ബദല്‍ സര്‍ക്കാരിനുമുള്ള ശ്രമം ഉള്‍പ്പെടെ ഒന്നും പരസ്യമായി ആരും സമ്മതിക്കാത്തതുകൊണ്ട് ഈ രാഷ്ട്രീയ അടിയൊഴുക്കുകളും പരസ്യമല്ലെന്നു മാത്രം.

അതിനിടെ, അനുകൂല സാഹചര്യം വന്നാല്‍ മാണി ഗ്രൂപ്പിനെ പിളര്‍ത്തി യുഡിഎഫ് സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രം സി.പി.എം. പയറ്റുമെന്ന സൂചനകള്‍ വ്യക്തമാണ്. ഇടതുമുന്നണി ഘടക കക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതാക്കളായ പി.സി. തോമസിനെയും സ്‌കറിയാ തോമസിനെയുമാണ് സിപിഎം ഇതിനു നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം.

നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഭീഷണി തല്ക്കാലം വിജയിച്ചെങ്കിലും ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു നേരിടാന്‍ താല്പര്യമില്ലാത്ത എ ഗ്രൂപ്പിലെ വിവിധ നേതാക്കളും ഐ ഗ്രൂപ്പും ഇതിനെ പിന്തുണക്കില്ലെന്നും സി.പി.എം. കണക്കുകൂട്ടുന്നു.
 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...