Wednesday, 24 July 2013

വയലാര്‍ രവി കേരള മുഖ്യമന്ത്രിയായേകും


ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാല്‍ പകരം ആരായിരിക്കും മുഖ്യമന്ത്രി? കേരളത്തിലെ കോണ്‍ഗ്രസിലും യു.ഡി.എഫിലും ഇതുമായി ബന്ധപ്പെട്ട അനൗപചാരിക ചര്‍ച്ചകള്‍ സജീവം. മാധ്യമങ്ങള്‍ പറയുന്നതുകേട്ട് പ്രവര്‍ത്തിക്കാനാകില്ലെന്ന് ചൊവ്വാഴ്ചത്തെ കോടതി പരാമര്‍ശത്തിനു ശേഷവും മുഖ്യമന്ത്രി പറഞ്ഞെങ്കിലും സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതികള്‍തന്നെ അദ്ദേഹത്തിന്റെ രാജിക്ക് കളമൊരുക്കും എന്നാണ് ഐ ഗ്രൂപ്പും യു.ഡി.എഫ് ഘടക കക്ഷികളും കരുതുന്നത്.

ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഈ ചിന്ത പങ്കുവയ്ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദും എം.എം ഹസനും മറ്റും ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കേണ്ടി വരും എന്ന അഭിപ്രായക്കാരാണെന്നു സൂചനയുണ്ട്. അതേസമയം, കെ.സി ജോസഫ്, ബെന്നി ബഹനാന്‍ എന്നിവരാണ് ഉമ്മന്‍ ചാണ്ടിക്കൊപ്പം ഉറച്ചു നില്‍ക്കുന്നത്. സര്‍ക്കാര്‍- പാര്‍ട്ടി ഏകോപന സമിതി യോഗം ഉടന്‍ വിളിക്കണം എന്ന വി.എം സുധീരന്റെ ആവശ്യം ഐ ഗ്രൂപ്പു കൂടി ഉന്നയിക്കുമെന്നാണു വിവരം.

എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായത് സ്വാഭാവിക പിന്തുടര്‍ച്ചക്കാരന്‍ എന്ന നിലയിലായിരുന്നു. അന്ന് സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ മുഖ്യമന്ത്രിയാകാന്‍ ഒരു ശ്രമം നടത്തിയെങ്കിലും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഒരാളുടെ പോലും പിന്തുണ അദ്ദേഹത്തിനു ലഭിച്ചില്ല. മറ്റൊരു രംഗത്തുണ്ടായിരുന്നുമില്ല.

എന്നാല്‍ രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാക്കുന്നതിനോടു വിയോജിപ്പുള്ളവര്‍ കോണ്‍ഗ്രസിനുള്ളില്‍ നിരവധിയാണ്. ഗ്രൂപ്പ് പോരിനുമപ്പുറം സാമുദായിക മാനങ്ങളുമുള്ളതാണ് ഈ എതിര്‍പ്. ക്രിസ്ത്യാനിയായ ഉമ്മന്‍ ചാണ്ടിയെ മാറ്റിയിട്ട് നായര്‍ സമുദായാംഗമായ രമേശിനെ മുഖ്യമന്ത്രിയാക്കിയാല്‍ ഉടന്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ യു.ഡി.എഫിനു പൊതുവേയും കോണ്‍ഗ്രസിനു പ്രത്യേകിച്ചും എതിരാകുമെന്ന വാദം ഉയര്‍ത്തിയാണ് ഈ എതിര്‍പ്പ്.


എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനായി മറ്റൊരു മുതിര്‍ന്ന ക്രിസ്ത്യന്‍ നേതാവിനെ ചൂണ്ടിക്കാനില്ല താനും. ഈ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി കേന്ദ്ര മന്ത്രി വയലാര്‍ രവിയെ ഹൈക്കമാന്‍ഡ് കേരള മുഖ്യമന്ത്രിയായി നിയോഗിക്കും എന്നതാണ് കോണ്‍ഗ്രസിനുള്ളിലെ ഏറ്റവും ശക്തമായ അഭ്യൂഹം.

രമേശിനെ കെ.പി.സി.സി പ്രസിഡന്റാക്കി നിലനിര്‍ത്തി രവിയെ മന്ത്രിയാക്കുന്നത് നായര്‍ സമുദായത്തെ പ്രകോപിപ്പിക്കാതിരിക്കാന്‍ ഇപ്പോഴത്തെ നായര്‍- ഈഴവ ഐക്യത്തെ ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും സഹായം തേടുമത്രേ. ക്രിസ്ത്യന്‍ സമുദായ പിന്തുണ നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബഹനാനെക്കൂടി മന്ത്രിയാക്കുമെന്നാണ് അതിനു തുടര്‍ച്ചയായി പറഞ്ഞുകേള്‍ക്കുന്നത്.

ഏതായാലും മന്ത്രിസഭാ പുന:സംഘടനയുള്‍പെടെയായിരിക്കും മാറ്റം. ആ മാറ്റത്തില്‍ സമുദായങ്ങളുടെ അനുപാതം കൃത്യമായി ഉള്‍പെടുത്തും. വയലാര്‍ രവിക്കു കീഴില്‍ ഉപമുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തല തയ്യാറായാല്‍ അദ്ദേഹത്തിന് ആ സ്ഥാനം നല്‍കും. മുതിര്‍ന്ന നേതാവായ രവിയെ രമേശ് തള്ളിപ്പറയേണ്ടതില്ലതാനും. രമേശ് ഉപമുഖ്യമന്ത്രിയായാല്‍ സ്പീക്കര്‍ സ്ഥാനത്തുനിന്ന് ജി. കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു കൊണ്ടുവരികയും ചെയ്യുമെന്നാണ് സൂചന.

സോളാര്‍ തട്ടിപ്പു വിവാദത്തില്‍ മുങ്ങിപ്പൊങ്ങി ഉമ്മന്‍ ചാണ്ടിക്ക് അധിക കാലം മുഖ്യമന്ത്രിയായിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പൊതു അഭിപ്രായം രൂപപ്പെട്ടു വരുന്നു എന്നതാണ് ഇത്തരം ചര്‍ച്ചകളുടെയും അഭ്യൂഹങ്ങളുടെയും ആകെത്തുക.





Tags: Oommen Chandy, Chief Minister, Ramesh Chennithala, Congress, UDF, Kerala, Solar Scam, Case, Vayalar Ravi, Malayalam News

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...