Thursday, 27 June 2013

മുസ്ലിം ഉന്നമനത്തിന് ‘ബി.ജെ.പി ചാര്‍ട്ടര്‍’


‘മതേതര പ്രതിബദ്ധത’ തെളിയിക്കാന്‍ മുസ്ലിംകളുടെ സമഗ്രവികസനത്തിനുള്ള പദ്ധതിരേഖ തയാറാക്കുമെന്ന് ബി.ജെ.പി അറിയിച്ചു. നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാണിച്ചതോടെ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെട്ട ബി.ജെ.പി, മുസ്ലിം വോട്ട് ബാങ്ക് ഭിന്നിപ്പിക്കാനാണ് ‘ന്യൂനപക്ഷ ചാര്‍ട്ടറു’മായി തെരഞ്ഞെടുപ്പിനിറങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ‘ന്യൂനപക്ഷ ശാക്തീകരണത്തിന് ദര്‍ശന രേഖ’ എന്ന പേരിലുള്ള ചാര്‍ട്ടര്‍ തയാറാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ് വൈസ് പ്രസിഡന്‍റ് മുഖ്താര്‍ അബ്ബാസ് നഖ്വി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. ബി.ജെ.പി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈന്‍, ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്‍റ് അബ്ദുല്‍ റശീദ് അന്‍സാരി എന്നിവര്‍ സമിതി അംഗങ്ങളാണ്.
നരേന്ദ്ര മോഡിയെ കാണിച്ച് മുസ്ലിംകളെ പേടിപ്പിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണത്തോടെ പാര്‍ട്ടി ഹിന്ദുത്വ കക്ഷിയായി ഒറ്റപ്പെടുമെന്നും ന്യൂനപക്ഷവോട്ടുകള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍ കേന്ദ്രീകരിക്കുമെന്നും മുന്നില്‍ക്കണ്ട് മുസ്ലിം വോട്ട് ബാങ്ക് ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ബി.ജെ.പി പദ്ധതി തയാറാക്കുന്നത്. ‘ദര്‍ശന രേഖ’ അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ന്യൂനപക്ഷങ്ങളിലെത്തിക്കുമെന്ന് സമിതി അധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. മതപണ്ഡിതരുമായി കൂടിയാലോചിച്ചാണ് രേഖ തയാറാക്കുകയെന്ന് നഖ്വി തുടര്‍ന്നു. ‘യഥാര്‍ഥ ന്യൂനപക്ഷ വികസനം’ ലക്ഷ്യം വെക്കുന്ന ബി.ജെ.പി രേഖ ന്യൂനപക്ഷങ്ങളുടെ പേരില്‍ നടത്തുന്ന മതേതര കാപട്യം തുറന്നുകാണിക്കുമെന്നും നഖ്വി അവകാശപ്പെട്ടു.
ഗുജറാത്ത് വംശഹത്യക്കുള്ള പ്രായശ്ചിത്തമാണോ ഇതെന്ന് ചോദിച്ചപ്പോള്‍ ഏതെങ്കിലും സമുദായത്തോടുള്ള ക്ഷമാപണമോ പ്രീണനമോ അല്ലെന്നായിരുന്നു നഖ്വിയുടെ പ്രതികരണം. മോഡിയുടെ ഗുജറാത്ത് വംശഹത്യയും വ്യാജ ഏറ്റുമുട്ടലുകളും പ്രചരിപ്പിച്ചാല്‍ ഭീകരത ആരോപിച്ചുള്ള മുസ്ലിം വേട്ട കോണ്‍ഗ്രസിനെതിരെ തിരിച്ച് പ്രയോഗിക്കുമെന്ന സൂചന കൂടിയാണ് ബി.ജെ.പി നല്‍കുന്നത്. ‘ഭീകരരാണെന്ന സങ്കല്‍പം സൃഷ്ടിച്ച് മുസ്ലിംകളെ അരക്ഷിതബോധത്തിലാക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര, ദല്‍ഹി, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തതാണ് അവര്‍ ഭീകരരാണെന്ന സങ്കല്‍പം സൃഷ്ടിച്ചത്. മുസ്ലിം വേട്ട കാര്യമായും നടന്നത് കോണ്‍ഗ്രസും മറ്റു ബി.ജെ.പി ഇതര പാര്‍ട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ആദ്യം അറസ്റ്റ് ചെയ്യുക, പിന്നീട് നിരപരാധികളാണെന്ന് പറയുക. ഇതാണ് മുസ്ലിം സമുദായത്തില്‍ അരക്ഷിതബോധം വളര്‍ത്തിയത്. ഈ കാപട്യം രേഖ തുറന്നുകാണിക്കും’’-നഖ്വി പറഞ്ഞു.
ഹജ്ജ്, മുസ്ലിം സംവരണം, ഉര്‍ദു, വഖഫ് തുടങ്ങി പരമ്പരാഗത മുസ്ലിം പ്രശ്നങ്ങളിലല്ല ബി.ജെ.പി രേഖ കേന്ദ്രീകരിക്കുകയെന്ന് നഖ്വി തുറന്ന് പറഞ്ഞു. മുസ്ലിം വോട്ടുബാങ്കില്‍ നിന്ന് ശിയാ വിഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള പാര്‍ട്ടി തന്ത്രത്തിന്‍െറ ഭാഗമാണിതെന്ന് കരുതപ്പെടുന്നു. ഈ വിഷയങ്ങളില്‍ സുന്നി വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ശിയാക്കള്‍ക്കുള്ളത്. അതേസമയം, ശിയാക്കളെ കൂടി ബാധിച്ച ഭീകരവേട്ട ബി.ജെ.പിയും ഏറ്റെടുക്കുമെന്നും നഖ്വി വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശിയാ നേതാവായ നഖ്വി സുന്നീ വഖഫ് ബോര്‍ഡിന് കീഴിലുള്ള ബാബരി മസ്ജിദ് തര്‍ക്കത്തില്‍ ലഖ്നോയിലെ വലിയൊരു വിഭാഗം ശിയാക്കളെക്കൊണ്ട് ബി.ജെ.പി അനുകൂല നിലപാട് എടുപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ സുന്നികള്‍ക്കും ശിയാക്കള്‍ക്കും വെവ്വേറെ വഖഫ് ബോര്‍ഡുകളായതിനാല്‍ ഇരുകൂട്ടരുടെയും വഖഫ് താല്‍പര്യങ്ങളും വ്യത്യസ്തമാണ്. മുസ്ലിം സംവരണത്തിലും കുടുതല്‍ ആനുകൂല്യം ലഭിക്കുക സുന്നികള്‍ക്കായിരിക്കുമെന്ന ധാരണ ശിയാക്കളിലുണ്ട്. ഇതിനെയും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ബി.ജെ.പിക്ക് കഴിയും. പുതിയ തന്ത്രത്തിന്‍െറ ടെസ്റ്റ് ഡോസ് എന്ന നിലയില്‍ ന്യൂദല്‍ഹി താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ബി.ജെ.പി നടത്തിയ റാലിക്ക് പിന്നിലും നഖ്വിയും അദ്ദേഹത്തിന്‍െറ വലംകൈയായ യുവ ശിയാ നേതാവുമായിരുന്നു. വന്‍തോതില്‍ മുസ്ലിം സ്ത്രീകളെയടക്കം റാലിക്കെത്തിക്കാന്‍ കഴിഞ്ഞതും ശിയാ ബന്ധങ്ങളിലൂടെയാണ്

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...