Thursday, 25 July 2013

സരിത അടൂര്‍ പ്രകാശിനെ സന്ദര്‍ശിച്ചതിന്റെ രേഖ പുറത്ത്


സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ മന്ത്രി അടൂര്‍ പ്രകാശിനെ എറണാകുളത്ത് വൈറ്റിലയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ ചാനലുകള്‍ പുറത്തുവിട്ടു. ഫ്ലാറ്റിലെ സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളനുസരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് മന്ത്രിയുടെ ഫ്ലാറ്റില്‍ ലക്ഷ്മി എന്ന പേരിലാണ് സരിത സന്ദര്‍ശനം നടത്തിയത്. മൂന്നു മണിക്കൂറോളം സരിത അവിടെ ഉണ്ടായിരുന്നു.
അതേസമയം, രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും തന്നെ ഒരിക്കലും സരിത സന്ദര്‍ശിച്ചിട്ടില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് വിശദീകരിച്ചു. പോലീസിന് വേണമെങ്കില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്താമെന്നും, വാര്‍ത്ത പുറത്തുവിട്ട ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിരവധി കേസുകള്‍ നേരിടുന്ന ഫ്ലാറ്റുടമയാണ് കെട്ടിച്ചമച്ച ഈ രേഖകള്‍ക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു.
വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബിന് സമീപത്ത് അടൂര്‍ പ്രകാശിന്റെ ഭാര്യയുടെ പേരിലുള്ള ഫ്ലാറ്റിലെ സന്ദര്‍ശന രജിസ്റ്ററിലെ രേഖകള്‍ അനുസരിച്ച്, 2012 മാര്‍ച്ച് 13ന് കാലത്ത് എട്ട് മണിക്കാണ് സരിതയെത്തിയത്. 6 എ നമ്പര്‍ ഫ്ലാറ്റിലേയ്ക്ക് വന്ന സരിത രജിസ്റ്ററില്‍ കുറിച്ച പേര് ലക്ഷ്മി എന്നാണ്. 11.30 നാണ് അവര്‍ അവിടെ നിന്ന് മടങ്ങിയതെന്നും സന്ദര്‍ശക രജിസ്റ്ററിലുണ്ട്. ഇതിനിടെ ഷൈന്‍ എന്നൊരാള്‍ കൂടി അടൂര്‍ പ്രകാശിന്റെ മുറിയിലെത്തിയെങ്കിലും വൈകാതെ മടങ്ങി.
താന്‍ നാലോ അഞ്ചോ തവണ മാത്രമാണ് ആ ഫ്ലാറ്റില്‍ താമസിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. അതും പിറവം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനുവേണ്ടി എത്തിയപ്പോഴാണ്. ആ സമയങ്ങളിലെല്ലാം കുറച്ചു സമയം മാത്രമാണ് അവിടെ ചിലവഴിച്ചത്. ആ സമയത്തൊന്നും സരിത അവിടെ വന്നിട്ടില്ല - മന്ത്രി വിശദീകരിച്ചു. സരിതയുമായി ഫോണില്‍ സംസാരിച്ചകാര്യം താന്‍ നേരത്തെ സമ്മതിച്ചതാണ്.
ആ ഫ്ലാറ്റില്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇടപെടണമെന്ന് അവിടുത്തെ താമസക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതില്‍ ഫ്ലാറ്റിന്റെ ഉടമയ്ക്ക് എന്നോട് വൈരാഗ്യമുണ്ട്. ഇത്തരത്തിലുള്ള ഒരു രേഖ കെട്ടിച്ചമയ്ക്കുന്നതിനെ കുറിച്ച് രണ്ടു ദിവസം മുന്‍പ് ചിലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ , തെറ്റു ചെയ്യാത്തതിനാല്‍ ഭയമൊന്നുമില്ല. പോലീസിനു വേണമെങ്കില്‍ എന്തു കാര്യവും അന്വേഷിക്കാം അടൂര്‍ പ്രകാശ് പറഞ്ഞു.
 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...