ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തിലുള്ള അച്ചടക്കനടപടി സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗം ചര്‍ച്ച ചെയ്തില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘടനാവിഷയം തത്കാലം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് പി.ബി.യിലെ ധാരണ. ഇതോടെ, വി.എസ്സിനെതിരെയുള്ള അച്ചടക്കനടപടി ആറംഗ പി.ബി. കമ്മീഷന്റെ പരിഗണനയ്ക്ക് വിടാനുള്ള സാധ്യതയേറി. ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റി യോഗങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. വി.എസ്സിന്റെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ പി.ബി.യുടെ നടപടിക്ക് കേന്ദ്രകമ്മിറ്റി അംഗീകാരവും നല്‍കും.
വെള്ളിയാഴ്ച പി.ബി. യോഗത്തിന് മുന്നോടിയായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രക്കമ്മിറ്റി യോഗത്തിനായി വൈകിട്ട് ഡല്‍ഹിയിലെത്തിയ വി.എസ്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
വി.എസ്സിനെതിരെയുള്ള നടപടി തത്കാലം മാറ്റിവെക്കാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ നിര്‍ദേശിച്ചതായി അറിയുന്നു. വി.എസ്സിന്റെ നിലപാട് പാര്‍ട്ടി ഇതിനോടകം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നാണ് പി.ബി.യിലെ ധാരണ. കേന്ദ്രക്കമ്മിറ്റിയംഗത്തിന്റെ നിലപാട് പി.ബി. പരസ്യമായി തള്ളിയതുതന്നെ അച്ചടക്കനടപടിക്ക് തുല്യമാണെന്നും സി.പി.എം. നേതാക്കള്‍ വാദിക്കുന്നു. സംഘടനാവിഷയങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ പി.ബി.യുടെ ആറംഗകമ്മീഷന് ഉള്ളതിനാല്‍ ഇപ്പോഴുള്ള പ്രശ്നങ്ങളും പരിഗണിക്കാനായി കൈമാറും.
വി.എസ്. ഏറ്റവുമൊടുവില്‍ പാര്‍ട്ടിയെ പരസ്യമായി ധിക്കരിച്ചതുകൂടി പരിഗണിച്ചായിരിക്കും കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉടനെ റിപ്പോര്‍ട്ട് സമര്പ്പിക്കാനിടയില്ല. അങ്ങനെയെങ്കില്‍ വി.എസ്സിനെതിരെ നടപടി ചര്‍ച്ച ചെയ്യുന്നതും തീരുമാനിക്കുന്നതും തിരഞ്ഞെടുപ്പിനു ശേഷമുള്ള പി.ബി.-കേന്ദ്രകമ്മിറ്റി യോഗങ്ങളിലായിരിക്കും.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തെ അനുകൂലിച്ച് വി.എസ്. മുഖ്യമന്ത്രിക്ക് കത്തയച്ചത് പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദമായിരുന്നു. സി.ബി.ഐ. അന്വേഷണം പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണെന്നാണ് സി.പി.എം. പ്രചാരണം. ഇതിനുവിരുദ്ധമായിട്ടാണ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ ആവശ്യത്തെ അനുകൂലിച്ച് വി.എസ്. മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
വി.എസ്. കത്തയച്ച നടപടി പാര്‍ട്ടി നിലപാടിന് യോജിച്ചതല്ലെന്ന് സി.പി.എം. പി.ബി. പരസ്യമായി പ്രസ്താവനയിറക്കിയിരുന്നു. വി.എസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്ന് ഔദ്യോഗികപക്ഷം നിലപാട് കടുപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നടപടി പി.ബി. പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, പൊതുതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സംഘടനാപ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന പി.ബി. ധാരണയിലെത്തിയത്.
No comments:
Post a Comment