ചെന്നിത്തല നാലാം തവണയും അപമാനിതനായി കേരളത്തിലേക്ക് തിരിച്ചുവരുകയാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. കോണ്‍ഗ്രസിനേയും പ്രവര്‍ത്തകരേയും സ്‌നേഹിക്കുന്നതുകൊണ്ട് മാന്യതകൊണ്ട് അദ്ദേഹം പ്രകടിപ്പിക്കുന്നില്ലെന്നേ ഉള്ളൂ എന്നതാണ് സത്യമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.
രമേശ് എം.എല്‍.എയായി മത്സരിച്ചത് വെറും എം.എല്‍.എ ആകാനല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഉമ്മന്‍ചാണ്ടിക്കറിയാമല്ലോ അത്. മന്ത്രിസഭാ രൂപീകരണത്തിന്റെ സമയത്ത് മാന്യമായി സംസാരിക്കാത്തതിനാല്‍ അന്നേരം അദ്ദേഹം മന്ത്രിസഭയിലെത്തിയില്ല
അതുകഴിഞ്ഞ് അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ പ്രശ്‌നം വന്നപ്പോള്‍ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കാന്‍ യു.ഡി.എഫ് ഘടകകക്ഷികളെല്ലാം സമ്മര്‍ദ്ദം നടത്തി. അതിന് കാരണം മുസ്ലിം ലീഗ് ന്യൂനപക്ഷമാണ് അവര്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നുവെന്ന പ്രചാരണം കേരളം മുഴുവനുമുണ്ടായി. ഇതിന് പരിഹാരമുണ്ടാക്കാനായിരുന്നു ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിസ്ഥാനം. അവസാനനിമിഷം അവിടെയും പാലംവലിച്ചു.
മൂന്നാം പ്രാവശ്യം അദ്ദേഹം കേരളയാത്ര നടത്തിയപ്പോള്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മന്ത്രിസഭയിലേക്ക് പോകുന്ന കെ.പി.സി.സി പ്രസിഡന്റാണ് ജാഥ നടത്തിയത്. ഉമ്മന്‍ചാണ്ടിയോട് ചേര്‍ന്നുനില്‍ക്കുന്നവരാണ് ഈപ്രചാരണം നടത്തിയതും. ജാഥ തീര്‍ന്നപ്പോള്‍ അപ്പോഴും പാലം വലിച്ചു.
ഘടകകക്ഷികളുടെ മുതുകില്‍ കയറി രക്ഷപ്പെടാമെന്ന് ആരും മോഹിക്കണ്ട. മുസ്ലിം ലീഗ് ചെന്നിത്തലക്ക് ഏത് സ്ഥാനവും കൊടുക്കാമെന്നാണ് പറഞ്ഞത്. മുന്നണിക്കകത്തെ പ്രശ്‌നങ്ങള്‍ മുസ്ലിം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാകില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വകുപ്പുകൊടുത്ത് രണ്ടാമനായി മന്ത്രിസഭയിലെടുക്കാനാണ് ഘടകകക്ഷികളെല്ലാം ആവശ്യപ്പെട്ടത്.
ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയശേഷം ഉപമുഖ്യമന്ത്രിസ്ഥാനമാണ് ചര്‍ച്ചയായത്. ഘടകകക്ഷികളുടെ എതിര്‍പ്പുമൂലം ഇത് നടപ്പിലായെന്ന് പറയുക. ഈ പണിയൊന്നും ഗുരുതരമല്ല. ഈ പരിപ്പ് കേരളത്തില്‍ വേവില്ല. ഐക്യജനാധിപത്യമുന്നണിയിലെ ഭൂരിപക്ഷം പ്രവര്‍ത്തരും വേദനിക്കുകയാണ്.
ഉമ്മന്‍ചാണ്ടി അപമാനിതനായി ഇറങ്ങിപ്പോകുന്നത് കാണാതിരിക്കാന്‍ അദ്ദേഹം അവിടെ ഇരിക്കണമെന്നാണ് കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടെ എല്ലാവരുടേയും ആഗ്രഹം. ഉമ്മന്‍ചാണ്ടിയെ ചുറ്റിയുള്ള കുറേ ഉപഗ്രഹങ്ങളാണ് അദ്ദേഹത്തെ വഴി തെറ്റിക്കുന്നത്. അദ്ദേഹത്തെ നശിപ്പിച്ചേ തീരൂ എന്ന് നിര്‍ബന്ധമുള്ളവരാണ് ഇതിനു പിന്നിലെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.
No comments:
Post a Comment